തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകണോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ മതിയെന്നും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ടതില്ലെന്നുമാണ് നിലവിലെ ധാരണ. നിയമസഭാ സമ്മേളനം മാറ്റി വെച്ചിരിക്കുന്നതിനാല്‍ ധന ബില്ല് പാസാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇന്ന് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേരും. രാവിലെ 10നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓണ്‍ലൈനായി ചേരുന്നത്, മന്ത്രിമാര്‍ക്ക് വീട്ടിലോ ഓഫിസിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കാം.
അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ഉണ്ടായ തീരുമാനം. ഇക്കാര്യം വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ വീണ്ടും അടച്ചിടാന്‍ മടിക്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ കോവിഡ് മൂലം നിയമസഭാ സമ്മേളനം മാറ്റിയിരുന്നു. നിയമസഭാ സമ്മേളനം മാറ്റിയ സാഹചര്യത്തില്‍ ധനബില്‍ പാസ്സാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത് അടക്കം മന്ത്രിസഭായോഗം തീരുമാനമെടുക്കും.