തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെയ് എട്ട് രാവിലെ 6 മുതല്‍ മെയ് 16 വരെ സമ്പൂര്‍ണ്ണ ലോക്‌ഡൌണ്‍. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഇളവുകളും പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പത്ത് മുതല്‍ 1 മണി വരെ പ്രവര്‍ത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകളും വര്‍ക്ക്‌ഷോപ്പുകളും തുറക്കാം.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും. പൊതുഗതാഗതം പൂര്‍ണമായും ഇല്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. വിമാന സര്‍വീസും ട്രെയിന്‍ സര്‍വീസും ഉണ്ടാകും.
അവശ്യ സര്‍വ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ആശുപത്രി, വാക്‌സിനേഷന്‍ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. വിവാഹച്ചടങ്ങുകളില്‍ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കാം, മരണാനന്തര ചടങ്ങില്‍ 20 ആളുകള്‍ മാത്രം. ആരാധാനലയങ്ങളില്‍ ആരെയും പ്രവേശിപ്പിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവില്‍ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍. രണ്ടാം തരംഗത്തില്‍ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്.