പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം ഏതാണ്ട് വ്യക്തമായ ചുരുക്കം മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളേയും വ്യക്തമായി കഴിഞ്ഞതോടെ ആരോപണപ്രത്യാരോപണങ്ങളും വാക്വാദങ്ങളുമൊക്കെ സജീവമായി കഴിഞ്ഞു. സിപിഐഎമ്മിന് മുന്നിലെ അഭിമാനപോരാട്ടമാണ് ഇത്തവണ സീറ്റ് തിരിച്ചുപിടിക്കുകയെന്നത്. പോളിറ്റ് ബ്യൂറോ മെമ്പര്‍ നേരിട്ട് മത്സരക്കളത്തിലിറങ്ങുമ്പോള്‍ പാര്‍ട്ടിയുടെ കുത്തക മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് സിപിഐഎം പ്രതീക്ഷ.
സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിപിഐഎമ്മിന് അഭിമാനപോരാട്ടമാണ് പാലക്കാട്ടേത്. കഴിഞ്ഞതവണ എം.ബി രാജേഷിന് നഷ്ടമായത് ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണം പാര്‍ട്ടിക്ക്. അതിനാണ് പോളിറ്റ് ബ്യൂറോ മെമ്പറെ തന്നെ കളത്തിലിറക്കുന്നത്. ചിത്രം വ്യക്തമായതോടെ ആത്മവിശ്വാസം ഇരട്ടിയായി പാര്‍ട്ടിക്ക്. സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ തന്നെ കളത്തിലിറങ്ങിയാലും മണ്ഡലം പിടിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനപദ്ധതികളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ.