പത്തനംതിട്ട : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയുടെ കാവിക്കൊടി പാറിച്ചുള്ള ഡാൻസ് കണ്ടപ്പോൾ കോൺഗ്രസിന്റെ സമുന്നതനായ നേതാവിനു രോമം എണീറ്റു നിന്നു കാണുമെന്ന് എ.എ. റഹീം എംപി രൂക്ഷമായി പരിഹസിച്ചു. ബിജെപി സ്ഥാനാർഥിയായ മകന്റെ ഡാൻസാണ്. ആ മകന്റെ അമ്മയും അച്ഛനും എത്ര കൃതാർഥരായിട്ടുണ്ടാകുമെന്നും റഹീം വ്യക്തമാക്കി.
‘‘കോൺഗ്രസ് ജെൻഡർ ഇക്വാളിറ്റി കാത്തു സൂക്ഷിക്കുന്ന പാർട്ടിയാണ്. കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുത്ത നേതാവിന്റെ മകൻ ആദ്യം പോയി. അടുത്തതു പോയത് മകളാണ്. എന്തൊരു ജെൻഡർ ഇക്വാളിറ്റിയാണ്. രണ്ടാമത് മകനെ വിട്ടാൽ ശരിയാകില്ലല്ലോ. അതുകൊണ്ടാണ് മകളെ വിട്ടത്. അടുത്ത ഊഴം ആരുടെയോ മകനാണ്. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന്റെ മുഖം വികൃതമാവുകയാണ്.’’– റഹീം പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനത്തിൽ നിന്ന് അനിൽ ആന്റണി നൃത്തം ചെയ്യുന്നതിന്റെ വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.