കൊച്ചി : ചിലവ് മൂന്നു കോടിയിലേറെ, നടപ്പിലാക്കിയത് ഒറ്റ പദ്ധതി മാത്രം ലോക കേരള സഭയും തട്ടിപ്പിന്റെ പര്യായമോ? മൂന്നു കോടിയിലധികം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് രണ്ടുതവണയായി ലോകകേരള സഭകള്‍ നടത്തിയത്. പ്രവാസി വ്യവസായികളെ പങ്കെടുപ്പിച്ച് കോടികള്‍ ചെലവിട്ട് സര്‍ക്കാര്‍ ലോക കേരള സഭ കൊഴുപ്പിച്ചെങ്കിലും ഈ പരിപാടി വഴി കേരളത്തില്‍ ആരംഭിച്ചത് ഒരേ ഒരു പദ്ധതി മാത്രം. അന്താരാഷ്ട്ര നിലവാരത്തില്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ‘വേ സൈഡ് അമിനിറ്റീസ്’ ഒരുക്കുന്ന ഒരു പദ്ധതി മാത്രമാണ് രണ്ട് ലോകകേരള സഭയിലൂടെ തുടങ്ങാന്‍ സാധിച്ചത്. ‘റെസ്റ്റ് ടോപ്പ്’ എന്ന പേരില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
എന്നാല്‍ കോടികളുടെ നിക്ഷേപം സംസ്ഥാനത്തുകൊണ്ടുവരുമെന്ന് പറഞ്ഞ ലോകകേരള സഭയുടെ ഉദ്ദേശ്യം എത്ര ശതമാനമായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയതുമില്ല. പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസ് വിവരാവകാശ നിയമപ്രകാരമാണ് ലോകകേരള സഭയെ സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയത്. ഒന്നാം ലോകകേരള സഭയ്ക്ക് 2.03 കോടി രൂപ ചെലവായപ്പോള്‍, രണ്ടാമത്തേതിന് 1.11 കോടി രൂപയാണ് ചെലവ്. രണ്ട് ലോകകേരള സഭകളും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് നടന്നത്. ഒരു മേഖലാ സമ്മേളനം ദുബായിലും നടന്നു.
2018 ജനുവരി 12, 13 തീയതികളിലായിരുന്നു ആദ്യ ലോകകേരള സഭ. 2020 ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായിരുന്നു രണ്ടാം ലോകകേരള സഭ. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളില്‍ പ്രവാസിമലയാളികളുടെ നിക്ഷേപം ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രി ചെയര്‍മാനായി ഓവര്‍സീസ് ‘കേരളയ്റ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ്’ എന്ന കമ്പനിക്കും രൂപം നല്‍കി. ഇതിന്റെ പ്രഥമ സംരംഭമാണ് പാതയോരത്തെ ‘വേ സൈഡ് അമിനിറ്റീസ്’ പദ്ധതി.
ലോകസഭയെ തുടര്‍ന്ന് എത്ര വ്യവസായികളുടെ ബിസിനസ് നിര്‍ദേശങ്ങള്‍ ലഭിച്ചു എന്നതിന് ലോകസഭയുടെ നടത്തിപ്പുകാരായ നോര്‍ക്ക റൂട്ട്സിന് മുറുപടിയുണ്ടായിരുന്നില്ല. 351 അംഗ ലോകകേരള സഭയില്‍ സംസ്ഥാനത്തെ 141 നിയമസഭാ സാമാജികരും കേരളത്തില്‍ നിന്നുള്ള എംപി മാരും അംഗങ്ങളാണ്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള 42 നോമിനികള്‍, ഏഷ്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളാണെന്നും മറുപടി വ്യക്തമാക്കുന്നു.