തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമായത്. ലോകായുക്ത നിയമം കൊണ്ടുവന്ന നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. ലോകായുക്ത ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ലോകായുക്ത പരിഗണിക്കുന്ന വിഷയങ്ങള്‍ വിപുലമാണ്. അതില്‍ കുറവ് വരുത്തുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല, കോടിയേരി ചൂണ്ടികാട്ടി അഴിമതിക്കെതിരേ നടപടിയെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു അര്‍ധ ജുഡീഷല്‍ സംവിധാനത്തിന്റെ ആവശ്യമില്ല. അതിനുള്ള ധീരത പിണറായി സര്‍ക്കാരിനുണ്ട്.
എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളില്‍ പ്രത്യക്ഷത്തില്‍ കഴമ്പുണ്ടെന്നു തോന്നിയാല്‍ അതിന്മേല് നടപടിയെടുക്കാനുള്ള സംവിധാനം മുന്‍പേയുണ്ട്. ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ ബിജെപിയും ഇക്കാര്യത്തില്‍ ഗവര്‍ണറുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തതെന്ന് കോടിയേരി ചോദിച്ചു. അതുപോലെ ഈ നിയമം ബിജെപി ഭരണമുള്ള ഇടങ്ങളില്‍ നടപ്പിലാക്കാന്‍ നേതൃത്വത്തോട് ഇവിടത്തെ ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നില്ല. കേരളത്തിന് സമാനമായി ലോകായുക്ത നിയമഭേദഗതി കോണ്‍ഗ്രസ് ഭരണമുള്ള പഞ്ചാബില്‍ നടത്തിയത് വി.ഡി സതീശനും കൂട്ടരും മറക്കുകയാണോ എന്നും കോടിയേരി ചോദിച്ചു.