കുതിരാൻ : മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാലുചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. തുരങ്കത്തിന് സമീപം പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. നാലുലോറികള്‍ കൂട്ടിയിടിച്ചു. രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞുവീണു.
ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി പുതിയ തുരങ്കത്തിലേക്കുളള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴേക്കും മറിഞ്ഞു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ടുലോറികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുതിരാനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞദിവസം ഉണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു.