ചെന്നൈ: തമിഴ്‌നാട് സി.ബി.ഐയുടെ കസ്റ്റഡിയിലുണ്ടായിരുന്ന 103 കിലോഗ്രാം സ്വര്‍ണം കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം. ഏകദേശം 43 കോടി രൂപയുടെ സ്വര്‍ണമാണ് സി.ബി.ഐ കസ്റ്റഡിയില്‍ നിന്ന് കാണാതായത്. പോലീസ് അന്വേഷണത്തിന് വിടരുതെന്നും അത് സി.ബി.ഐയുടെ അഭിമാനത്തിന്റെ വിഷയമാണെന്നുമുള്ള സി.ബി.ഐയുടെ അപേക്ഷ തള്ളിയാണ് ഉത്തരവ്.
സി.ബി.ഐയ്ക്ക് ഇത് അഗ്നിപരീക്ഷയായിരിക്കാം. എന്നാല്‍ അതുകൊണ്ട് കാര്യമില്ല. കരങ്ങള്‍ ശുദ്ധമാണെങ്കില്‍ സീതയെ പോലെ കൂടുതല്‍ ശുദ്ധിവരുത്തട്ടെ, അല്ലാത്തപക്ഷം പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വെള്ളിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് കോടതി പറഞ്ഞു.
ലോക്കല്‍ പോലീസിനു പകരം സി.ബി.ഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ അന്വേഷിക്കണമെന്ന് സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ആവശ്യപ്പെട്ടു. എന്നല്‍ കോടതിക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും പോലീസിനെയും വിശ്വസിക്കണമെന്നും ജസ്റ്റീസ് പി.എന്‍ പ്രകാശ് പറഞ്ഞു. സി.ബി.ഐയ്ക്ക് പ്രത്യേക കൊമ്പുണ്ടെന്നും പോലീസ് വെറും വാലാണെന്നുമുള്ള അഭിപ്രായത്തോട് യോജിപ്പില്ലെന്നും ജഡ്ജി പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി.ബി-സിഐഡി ചെന്നൈ മെട്രോ വിഭാഗത്തിനാണ് അന്വേഷണ ചുമതല. എസ്.പി റാങ്കിലുള്ള ഒരു ഓഫീസറുടെ നേതൃത്വത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കോടതി നിര്‍ദേശം.
സ്വര്‍ണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നാണ് 2012ല്‍ 400.47 കിലോ സ്വര്‍ണക്കട്ടിയും ആഭരണങ്ങളും സി.ബി.ഐ പിടിച്ചെടുത്തത്. മിനറല്‍സ് ആന്റ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ കമ്പനിയെ വഴിവിട്ട് സഹായിച്ചുവെന്നും ഇറക്കുമതിയില്‍ വിദേശ വ്യാപാര നയത്തിന്റെ ലംഘനം നടന്നുവെന്നും കാണിച്ചായിരുന്നു സ്വര്‍ണം പിടിച്ചെടുത്തത്.
അതിനിടെ സുരാന 1600 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനുണ്ടെന്നും പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടണമെന്നും കാണിച്ച് എസ.ബി.ഐ കോടതിയെ സമീപിച്ചു. സ്വര്‍ണം എസ്.ബി.ഐ അടക്കമുള്ള ആറ് ബാങ്കുകള്‍ക്ക് വിട്ടുകൊടുക്കാന്‍ 2019ല്‍ ദേശീയ കമ്പിനി നിയമ ട്രിബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്വര്‍ണമടങ്ങിയ വാലറ്റ് സി.ബി.ഐ ബാങ്ക് അധികൃതര്‍ക്ക് മുമ്പാകെ ഹാജരാക്കിയെങ്കിലും അതില്‍ 103.864 കിലോ സ്വര്‍ണത്തിന്റെ കുറവുണ്ടായിരുന്നു. ഇത് ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണെന്ന് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി പറഞ്ഞു.