കൊച്ചി: പെരുമ്പാവൂരില്‍ വഴിയോരത്ത് ലോട്ടറി വിൽക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകൾ ബൈക്കിലെത്തിയ ആള്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞു. പി. പി റോഡിൽ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയിൽ റോഡരികിലിരുന്നു വിൽപന നടത്തുന്ന ലിസി ജോസാണ് കബളിപ്പിക്കപ്പെട്ടത്.
6 മാസത്തിനിടയിൽ രണ്ടാം തവണയാണ് ഇവരെ കബളിപ്പിക്കുന്നത്. ബൈക്കിലെത്തിയയാൾ ലോട്ടറിയുടെ നമ്പറുകൾ നോക്കട്ടെയെന്നും പറഞ്ഞ് 3 ബണ്ടിൽ ലോട്ടറി വാങ്ങി കടന്നു കളയുകയായിരുന്നുവെന്ന് ലിസി പറഞ്ഞു. 122 ലോട്ടറികളാണ് 3 കുറ്റികളിലായി ഉണ്ടായിരുന്നത്.
4800 രൂപ വിലവരും. ആരാണ് കബളിപ്പിച്ചതെന്നു സൂചനകളൊന്നുമില്ലെന്ന് ലിസി പറഞ്ഞു. രാവിലെ 8നായിരുന്നു സംഭവം. പുറമ്പോക്കിലാണ് ലിസിയുടെ താമസം. ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്നതാണ് ഏക വരുമാനം. കഴിഞ്ഞ ഒക്ടോബർ 21നും ഇവർ കബളിപ്പിക്കപ്പെട്ടിരുന്നു. കബളിപ്പിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും ലിസി പറഞ്ഞു.