മാനന്തവാടി: മഠം വിട്ട് പോകില്ലെന്ന നിലപാടിലുറച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. ‘തന്നെ പിടിച്ചിറക്കാം എന്നാരും സ്വപ്നം കാണണ്ടെന്നും സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ മരിക്കാനും തയ്യാറാണെന്നും’ സിസ്റ്റര്‍ പറഞ്ഞു. എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സിസ്റ്റര്‍.
ബിഷപ്പുമാരുടെ തെറ്റുകള്‍ സമ്മതിച്ചു കൊടുക്കാന്‍ ഇനി ആകില്ല. വത്തിക്കാന്‍ ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നല്‍കിയില്ല. സത്യം പറഞ്ഞതിനാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. സഭ തനിക്ക് നീതി നല്‍കിയില്ല. തന്റെ ഭാഗം കേള്‍ക്കാന്‍ പോലും കാനോന്‍ നിയമം തയ്യാറായില്ല. നീതി ഉറപ്പാക്കാന്‍ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നു. ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കും. അതിനാല്‍ നിയമ പോരാട്ടം തുടരും. നിസഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് പുറത്താക്കലെങ്കില്‍ ഇനിയും സത്യം വിളിച്ചു പറയുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.