പത്തനംതിട്ട : എം ജി സോമൻ ഫൗണ്ടേഷനും ഓൾ കേരള കോളേജ് അലൂമിനി ഫോറവും ( AKCAF – UAE) ക്രിസ്ത്യൻ കോളജ് അലൂമിനി ഫെഡറേഷനും (CAF – Emirates) ചേർന്ന് ഡിസംബർ 20, 21 തീയതികളിൽ സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെട്ട രണ്ടാമത് അമച്വർ നാടക മത്സരത്തിൽ കൊല്ലം മാനവീയം അവതരിപ്പിച്ച ‘ചരിത്രം ചമക്കുന്നവർ’ എന്ന നാടകം ഒന്നാം സമ്മാനാർഹമായി. ഒരു ജനാധിപത്യ രാജ്യത്ത് പൗരൻ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ബോണ്സായി പോലെ ചട്ടിക്കുള്ളിൽ ആവുന്നത് എങ്ങനെയെന്ന് പ്രതീകാത്മകമായി അവതരിപ്പിച്ച ഈ നാടകം കാലഘട്ടത്തിൽ ഭരണകൂട ഭീകരതയുടെ ഭാഗമായി പൊതുജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങളെയും ജനങ്ങളുടെ ചെറുത്തു നില്പിനും ഊന്നൽ നൽകി. നാടകത്തിന്റെ രചന സാബു വി.ടി യും സംവിധാനം മനോജ് റാമുമാണ് നിർവഹിച്ചത്.
മനോജ് റാം മികച്ച സംവിധായകനുള്ള സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അൻപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനത്തുകയായി ലഭിക്കുക. അഭിനയ നാടകസമിതി, തൃശൂർ അവതരിപ്പിച്ച ‘മഖ്ബറ’ എന്ന നാടകത്തിനാണ് മികച്ച നാടകത്തിനുള്ള രണ്ടാം സമ്മാനം ലഭിച്ചത്. നാടകത്തിന്റെ രചന ജിഷ അഭിനയും സംവിധാനം വിഷ്ണു അഭിനയും നിർവഹിച്ചു. സ്ത്രീകൾ മാത്രം അഭിനയിച്ച ഈ നാടകം അധിനിവേശ കാലത്തെ സ്ത്രീകളുടെ കഥ പറയുന്നു. ഓരോ പെണ്ണും ഏതുനിമിഷവും പൊട്ടിയടരുന്ന തീഗോളങ്ങളാണെന്ന ഓർമപ്പെടുത്തലാണ് നാടകം പ്രേക്ഷകരിലെത്തിച്ചത്. മികച്ച രചനക്കുള്ള സമ്മാനവും ഈ നാടകത്തിന്റെ രചയിതാവ് ജിഷ അഭിനയക്കാണ്. ഇരുപത്തയ്യായിരം രൂപയും കീർത്തിപത്രവുമാണ് രണ്ടാ സമ്മാനർഹർക്ക് ലഭിക്കുക ആപ്ത, പയ്യന്നൂർ അവതരിപ്പിച്ച ‘വെള്ളച്ചി’ എന്ന നാടകത്തിലെ അഭിനേത്രി പി. ഉമാദേവിക്കാണ് മികച്ച അഭിനേതാവിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഈ നാടകത്തിന്റെ രചന അനിൽ നടക്കാവും സംവിധാനം സുധീർ ബാബൂട്ടനും നിർവഹിച്ചു. ദളിദ് പച്ഛാത്തലത്തിൽ ആനുകാലിക സംഭവങ്ങളെ നാടകം പ്രേക്ഷകരിലെത്തിച്ചു. നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനം എം ജി സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസ്സി നിർവഹിച്ചു. സമ്മാനദാനച്ചടങ്ങ് എം ജി സോമൻ അനുസ്മരണ സമ്മേളത്തിൽ വെച്ച് നടത്തപ്പെടുമെന്നു അദ്ദേഹം അറിയിച്ചു.