തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന് കിടത്തി ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി മാറ്റിയത്.
എന്നാല്‍ നടുവേദനയെ തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി ശിവശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഹൈക്കോടതിയില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി പരിഗണിച്ചതിന് ശേഷം മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനം എടുത്തതില്‍ വിമര്‍ശനമുണ്ട്. കോടതി ജാമ്യഹര്‍ജി പരിഗണിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ കസ്റ്റംസും ഇഡിയും ശിവശങ്കറിനെ അറസ്റ്റ് ചെയ്യില്ല.
ശിവശങ്കറിന്‍റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ കളിയില്‍ തന്നെ കരുവാക്കുകയാണെന്ന് ശിവശങ്കറും കോടതിയെ അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന് പിന്നാലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഹൈക്കോടതി വെള്ളിയാഴ്ച വരെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഉത്തരവായത്. രാഷ്ട്രീയ കളികളാണ് നടക്കുന്നതെന്നും തന്നെ കരുവാക്കുകയാണെന്നുമാണ് എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചത്.