കൊച്ചി : ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാഗം നടിമാർ. നടി അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് ‘അമ്മ’യിൽ നടന്നതെന്ന് നടി മാലാ പാർവതി ആരോപിച്ചു. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അൻസിബ അവകാശപ്പെട്ടു. ശ്വേതക്കെതിരെ ആരോപണങ്ങളുമായി ഉഷ ഹസീനയും രംഗത്തെത്തി. ഉഷ ഹസീന, അൻസിബ ഹസൻ, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.
കഴിഞ്ഞദിവസം പുറത്തുവന്ന ശ്വേതയും നടൻ രമേശ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണത്തിലെ ആരോപണങ്ങൾക്ക് നടിമാർ അക്കമിട്ട് മറുപടി നൽകി. അദാനി ഗ്രൂപ്പിൽനിന്ന് ‘അമ്മ’ സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോൻ ഒരു അഭിമുഖത്തിൽ പറയുന്നതിന്റെ വീഡിയോ വാർത്താസമ്മേളനത്തിൽ മാലാ പാർവതി പ്രദർശിപ്പിച്ചു. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും തങ്ങൾക്ക് 15 കോടി രൂപ വേണ്ടെന്ന് മാലാ പാർവതി വ്യക്തമാക്കി. ‘ഒരു മൾട്ടി നാഷണൽ കമ്പനിയിൽനിന്ന് ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ അമ്മ അംഗമല്ല. മൾട്ടി നാഷണൽ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യം.’ വീഡിയോ പ്രദർശിപ്പിച്ച ശേഷം മാലാ പാർവതി പറഞ്ഞു.
‘ശ്വേത കോൺഗ്രസ് ആണെന്ന് പറയുന്നു. അവർക്ക് ഏത് പാർട്ടി വേണമെങ്കിലും ആവാം. അതിൽ ഞങ്ങൾക്ക് എതിർപ്പില്ല. അജൻഡകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും. അത് ചോദ്യം ചെയ്യുന്ന ആളായിരുന്നു അൻസിബ. അൻസിബയെന്ന മുസ്ലിം നാമധാരിയായ വ്യക്തിയെ വർഗീയവാദിയാക്കി, ജിഹാദിയാക്കി ഓടിക്കാനുള്ള ശ്രമമാണ് നടന്നത്. ഹിന്ദു ക്ഷേത്രത്തിൽനിന്ന് പണം വാങ്ങിയതിന്റെ പേരിൽ അവർ വർഗീയത നടപ്പിലാക്കിയെന്ന് ഓരോരുത്തരെയും വിളിച്ചുപറഞ്ഞ് ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കും എന്നുള്ളത് ആരോപണമല്ല, എന്റെ അനുഭവമമാണ്. എന്തുകൊണ്ടാണ് ശ്വേത എനിക്ക് മൈക്ക് തരാതെ ജനറൽ ബോഡിയിൽ വട്ടം പിടിച്ചുനിന്നത്? ഞാൻ സംസാരിക്കാൻ പാടില്ല, മാധ്യമങ്ങളിൽ പോവും എന്നാണ് പറഞ്ഞത്.
രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം അജൻഡയോടുകൂടി അവർ പുറത്തുവിട്ടു. ഒരാൾ കൂടി ആ ഫോൺകോളിൽ ഉണ്ടായിരുന്നു.’ മാലാ പാർവതി പറഞ്ഞു. ‘അൻസിബ നാലു പേരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ശ്വേത എന്നോട് പറഞ്ഞു. ശ്വേത എന്താണ് സംസാരിക്കുന്നത്, അങ്ങനെ പറയല്ലേ എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ചെറിയ തർക്കമുണ്ടായി. നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ ഞാൻ പുറത്തുപറയും, ഇത് സാമൂഹിക വിഷയമാണെന്ന് ഞാൻ പറഞ്ഞു. നിങ്ങൾ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാവില്ല എന്നായിരുന്നു ശ്വേതയുടെ മറുപടി. നിങ്ങൾ ഇൻഡസ്ട്രിയുടെ പുറത്താവും. നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ് പറയുന്നത്, മാറി നിൽക്കണം. അൻസിബയുടെ പ്രശ്‌നത്തിൽ ഇടപെടരുതെന്ന് ശ്വേത എന്നോട് പറഞ്ഞു. എന്താണ് ഇതിന്റെ അർത്ഥമെന്ന് വളരെയധികം ആലോചിച്ച ശേഷമാണ് പ്രൊഡക്ഷൻ കൺട്രോളറെ ഞാൻ വിളിച്ചത്. ശ്വേതയുമായി തർക്കമുണ്ടായ ശേഷമാണ് ഞാൻ അവർക്ക് ഗൂഢാലോചനക്കാരിയായത്. മാലാ പാർവതി വ്യക്തമാക്കി.
































