റാന്നി : ടാറിംങ്ങിനു തടസമായി നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റാന്‍ പണം അടച്ചിട്ടും പണി ആരംഭിക്കാതെ കെ.എസ്.ഇ.ബി. മടത്തുംചാല്‍ – മുക്കൂട്ടുതറ റോഡിലെ ടാറിംങ്ങിനു തടസമായി നില്‍ക്കുന്ന വൈദ്യുതി തൂണുകളാണ് മാറ്റാത്തത്. ഇത്തരം തൂണുകള്‍ മാറ്റാന്‍ കിഫ്ബി കെ.എസ്.ഇ.ബിയില്‍ രണ്ടു കോടി രൂപ അടച്ചിരുന്നു.
മുക്കൂട്ടുതറ – മടത്തുംചാല്‍ റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചതോടെയാണ് ചിലയിടങ്ങളില്‍ വൈദ്യുതി തൂണുകള്‍ റോഡിന് മധ്യത്തിലായത്. എന്നാല്‍ കിഫ്ബി കെട്ടിവെച്ച രണ്ടു കോടി രൂപയില്‍ കൂടുതല്‍ ചിലവ് വൈദ്യുതി തൂണുകള്‍ മാറ്റാനാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. അതിനാല്‍ പല ഘട്ടങ്ങളായി തൂണുകള്‍ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വകുപ്പെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ഇനിയുള്ള നാളുകള്‍ വീണ്ടും തൂണുകള്‍ റോഡിന് മധ്യത്തില്‍ തന്നെ നില്‍ക്കുവാന്‍ സാധ്യതയേറി. വീതി വര്‍ദ്ധിപ്പിച്ച സ്ഥലങ്ങളിലും മറ്റിടങ്ങളിലും തൂണുകള്‍ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു നില്‍ക്കുന്നുണ്ട്. ഇത് മാറ്റി സ്ഥാപിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് രണ്ടു കോടി രൂപ കെ.എസ്.ഇ.ബിയില്‍ അടച്ചിരുന്നത്.
വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിച്ചാലെ ഇവിടങ്ങളില്‍ ടാറിംങ് പൂര്‍ത്തിയാക്കാനാവു. ഒന്നാംഘട്ട ടാറിംങ് കഴിഞ്ഞെങ്കിലും രണ്ടാംഘട്ടത്തിലേയ്ക്ക് കടക്കാന്‍ പ്രധാന തടസ്സം വൈദ്യുതി തൂണാണ്. തൂണുകള്‍ക്ക് ചുറ്റും ടാര്‍വീപ്പ വച്ച് കയര്‍കെട്ടിയാണ് കരാര്‍ കമ്പനി അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും ഉള്ള റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുകയെന്നത് ഒരു നാടിന്റെ സ്വപ്നമായിരുന്നു. ഈ സ്വപ്നം പൂവണിയാന്‍ നാട്ടുകാര്‍ കെ.എസ്.ഇ.ബി അധികൃതരുടെ കനിവു കാത്തു കഴിയുകയാണ്.