മുംബൈ : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പുതുതായി പന്‍വേലില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രാത്രി 11 മണി മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യു. ബോര്‍ഡ് എക്‌സാമുകള്‍ അടുത്തതിനാല്‍ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മാര്‍ച്ച് 22 വരെ വിവാഹ ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഈ കാലയളവില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവര്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
മാര്‍ച്ച് 22 വരെ എല്ലാ തരത്തിലുള്ള മത്സരങ്ങളും ടൂര്‍ണമെന്റുകളും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യ സര്‍വീസുകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നാഗ്പൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 14317 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 22,66,374 ആയി. നിലവില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.