മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. കല്‍വയിലെ ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ (സിഎസ്എംഎം) ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 10നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു ദിവസത്തിനുള്ളില്‍ അഞ്ച് രോഗികള്‍ മരിച്ചതില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് വീണ്ടും കൂട്ടമരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.
മരിച്ചവരില്‍ ആറ് പേര്‍ക്ക് മരണം സംഭവിച്ചത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളിലാണ്. ജീവനക്കാരുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയിലെത്തിയെങ്കിലും ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നുവെന്നും പരാതിയുണ്ട്. എന്നാല്‍, ആശുപത്രി അധികൃതര്‍ ഇത് നിഷേധിച്ചു. മരിച്ചവരില്‍ 10 സ്ത്രീകളും എട്ട് പുരുഷന്മാരുമാണുള്ളത്. താനെ സ്വദേശികളായ ആറുപേരും കല്യാണില്‍ നിന്ന് നാലും സഹാപൂരില്‍ നിന്നുള്ള മൂന്നുംപേരാണ് മരിച്ചത്. ഭിവണ്ടി, ഉല്ലാസ്നഗര്‍, ഗോവന്ദി എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരാളെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ 12 പേര്‍ 50 വയസിന് മുകളിലുള്ളവരാണെന്നും സിവിക് കമ്മീഷണര്‍ അഭിജിത് ബംഗാള്‍ അറിയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സ്ഥിതിഗതികള്‍ അന്വേഷിച്ചു വരികയാണെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.