അടൂര്‍ : വയോധികയായ മാതാവിനും അര്‍ബുദ ബാധിതയായ മകള്‍ക്കും മഹാത്മ ജനസേവന കേന്ദ്രത്തില്‍ അഭയം നല്കി. തെങ്ങമം ഇളംപള്ളില്‍ കൊച്ചുതറ ജങ്ഷനുസമീപം തുണ്ടില്‍ വീട്ടില്‍ സരോജിനിയമ്മ (87), മകള്‍ ലതാകുമാരി (47) എന്നിവരെയാണ് ദുരിതക്കുഴിയില്നിന്ന് അടൂര്‍ ആര്.ഡി.ഒ തുളസീധരന്‍ പിള്ള ഇടപെട്ട് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
ഒന്നര വര്‍ഷമായി പക്ഷാഘാതത്തെത്തുടര്‍ന്ന് തളര്‍ന്ന് കിടപ്പായിരുന്നു സരോജിനിയമ്മ. മകള്‍ ലതാകുമാരിക്ക് തൊണ്ടയില്‍ ദ്വാരമിട്ട് ശ്വസിക്കുന്ന അവസ്ഥയാണ്. സംസാരിക്കണമെങ്കില്‍ തുണികൊണ്ട് ദ്വാരം അടച്ചുപിടിക്കണം. കാലുകളില്‍ സോറിയാസിസുകൂടി ബാധിച്ചതോടെ ഭര്‍ത്താവും ഉപേക്ഷിച്ചുപോയി. ഈ അവസ്ഥയില്‍ സ്വന്തം വീട്ടില്‍ അഭയം തേടിയെത്തിയ ലതാകുമാരി അമ്മയുടെ ദുരിതം കൂടി ചുമലിലേറ്റേണ്ടിവന്നു. ആറ് സഹോദരങ്ങളും ബന്ധുക്കളും ചുറ്റുപാടുമുണ്ടെങ്കിലും ആരും സഹായമായില്ല. മരുന്നിനും ഭക്ഷണത്തിനും പണമില്ല.
മാസം കിട്ടുന്ന ക്ഷേമപെന്ഷന് മാത്രമാണ് ആകെയുള്ള വരുമാനം. ഈ അവസ്ഥയില്‍ സഹായകമായിരുന്നത് പഞ്ചായത്ത് മെംബര്‍ ജി. പ്രമോദും ആശ പ്രവര്‍ത്തകയുമായിരുന്നു. മാതാവിന്റെ അവസ്ഥ ഗുരുതരമായതോടെ ആര്.ഡി.ഒയെയും പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെയും മെംബര്‍ വിവരമറിയിച്ചു. തുടര്‍ന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ എന്നിവര്‍ സ്ഥലത്തെത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു.
ആര്.ഡി.ഒ തുളസീധരന്‍ പിള്ള, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, സ്ഥിരം സമിതി ചെയര്മാന് കെ.ജി. ജഗദീശന്, പഞ്ചായത്ത് അംഗം ജി. പ്രമോദ്, റവന്യൂ ഉദ്യോഗസ്ഥരായ ഉദയകുമാര്‍, സുധീഷ് കുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ദേഹമാസകലം വ്രണങ്ങളും നീര്‍ക്കെട്ടും ഉള്ള സരോജിനിയമ്മയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ചികിത്സക്ക് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കാവശ്യമായ നിയമ പരിരക്ഷ ഉറപ്പാക്കുമെന്ന് ആര്.ഡി.ഒയും പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു.