പത്തനംതിട്ട : സമൂഹത്തിന്റെ മുഖ്യധാരയിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത – സാമുദായിക സംഘടനകളിലും സംവരണം നടപ്പിലാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാ കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാചരണ പരിപാടികൾ ഉത്ഘാടനം ചെയ്യുകയായിരുന്നു അവർ.
തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിൽ 50 ശതമാനം സംവരണം നടപ്പിലാക്കിയതിനുശേഷം നിരവധി വനിതകൾ ഭരണരംഗത്ത് നേതൃനിരയിലെത്തി . ഭരണ രംഗത്ത് അഴിമതിയും പക്ഷപാതപരമായ പ്രവർത്തനവും കുറയുവാനും ഇത് ഇടയാക്കിയിട്ടുണ്ട്. ലോക് സഭാ -നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പിലാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്നും അന്നപൂർണാദേവി പറഞ്ഞു.
ജില്ല പ്രസിഡന്റ് കുഞ്ഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. സി.സി.സി വൈസ് പ്രസിഡന്റ് അഡ്വ .എ.സുരേഷ് കുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ , സെക്രട്ടറിമാരായ രജനി പ്രദീപ് , സുധ നായർ , നഗരസഭ ചെയർ പേഴ്സൺ റോസിലിൻ സന്തോഷ് , ജില്ലാ വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ് , സെക്രട്ടറിമാരായ എലിസബത്ത് അബു, ലീല രാജൻ, ജെസി അലക്സ്, സിന്ധു അനിൽ ,അംബിക വേണു , സജി ദേവി , സൽമ സാബു , ആനി ജേക്കബ് , അനു മോനി , സിസിലി ജോൺ, ശോഭ വിനു , സുശീല പുഷ്പൻ , സൂസൻ ജോൺ, സ്മൃതി രാജേഷ് , രാജ് നിഷ , മിനി സുനിൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പ്രവർത്തകയായ പി കെ കമലമ്മയെ യോഗത്തിൽ ആദരിച്ചു.