തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. അയണികുഴിവിള സ്വദേശി ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. പത്ത് പവൻ സ്വർണമാണ് മോഷ്ടാവ് അപഹരിച്ചത്. വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. വർക്കല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. ബാബുവിന്റെ രണ്ട് പെൺമക്കൾ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച് അടുക്കളയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിലേക്ക് കടന്നത്. തുടർന്ന് മുറിയിൽ കയറി പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. മോഷണത്തിന് ശേഷം അടുക്കളയിലെത്തിയ കള്ളൻ അവിടെയുണ്ടായിരുന്ന അച്ചാറും ചിപ്‌സും ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ എടുക്കുന്നതിനിടയിൽ ശബ്ദം കേട്ടാണ് പെൺകുട്ടികൾ ഉണർന്നത്.
മോഷ്ടാവിനെ കണ്ട ഇവർ ഉടനെ ബഹളം വെച്ചതോടെ കള്ളൻ ഓടി രക്ഷപെടുകയായിരുന്നു. മുഖം മറച്ചുകൊണ്ടാണ് മോഷ്ടാവ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ അതേ രാത്രി തന്നെ സമീപ പ്രദേശങ്ങളിലുള്ള മറ്റ് അഞ്ച് വീടുകളിലും സമാനമായ രീതിയിൽ മോഷണശ്രമം നടന്നതായി വർക്കല പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഈ അഞ്ചു വീടുകളിലും മോഷണശ്രമം നടത്തിയത് ഒരാൾ തന്നെയാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വർക്കല പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.




























