തിരുവനന്തപുരം : ക്വാറികളുടെ സി.ഇ.ആർ. (കോർപ്പറേറ്റ് എൻവയൺമെന്റൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട് വിനിയോഗത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി സൂചന. പല ക്വാറി ഉടമകളും ഈ ഫണ്ട് ചെലവഴിക്കുന്നില്ല. ചിലര്‍ ചെറിയ രീതിയില്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഇത് ഒട്ടും സുതാര്യമല്ല. ക്വാറിയുടെ സമീപത്തു താമസിക്കുന്ന ജനങ്ങള്‍ക്ക് ഇതിനെപ്പറ്റി വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതാണ് കാരണം. കേന്ദ്ര വന, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികൾ അവരുടെ സി.ഇ.ആർ. ഫണ്ട് വിനിയോഗം അവിടെ നടത്തേണ്ടതാണ്. ക്വാറിയുടെ പ്രവർത്തനംമൂലം ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ആഘാതങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാകണം ഫണ്ട് വിനിയോഗം. നദികളുടെ പുനരുജ്ജീവനം, കിണർ റീചാർജിങ്, മഴവെള്ള സംഭരണി, പുനരുത്പാദന ഊർജസ്രോതസ്സുകളുടെ പ്രോത്സാഹനം, പരിസ്ഥിതി വ്യവസ്ഥകളുടെ പുനഃസ്ഥാപനം, കുടിവെള്ള വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ, ആശുപത്രികൾ, അങ്കണവാടികൾ, ബഡ്‌സ് സ്‌കൂളുകൾ, ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാണ് ഫണ്ട് പ്രധാനമായും വിനിയോഗിക്കേണ്ടത്.
ഓരോ ക്വാറികള്‍ക്കും അനുമതി നല്‍കുമ്പോള്‍ തന്നെ ഇതിനുവേണ്ടി നിശ്ചിത തുക ഇതിനുവേണ്ടി മാറ്റിവെക്കണം. ഓരോ വര്‍ഷവും ചെലവഴിക്കുന്ന തുകയും ഇതിലുണ്ടാകും. ഇങ്ങനെയുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ ക്വാറി തുടങ്ങാന്‍ അനുമതി ലഭിക്കൂ. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് ഈ തുക ചെലവഴിക്കുക. ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ വാര്‍ഡ് അംഗം, ക്വാറി ഉടമ, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവര്‍ ചേര്‍ന്ന കമ്മറ്റിയും ഇതിനുവേണ്ടി രൂപീകരിക്കണം. ഈ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ സി.ഇ.ആർ. (കോർപ്പറേറ്റ് എൻവയൺമെന്റൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട് ചെലവഴിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ ഇങ്ങനെയൊരു കമ്മറ്റി പലയിടത്തും രൂപീകരിച്ചിട്ടില്ല. ക്വാറിയുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാന്‍ ക്വാറി ഉടമയും പഞ്ചായത്ത് അധികൃതരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ഈ പദ്ധതി അട്ടിമറിക്കും. കോടിക്കണക്കിനു രൂപയുടെ ഫണ്ട് ഇതിലൂടെ പലരുടെയും കയ്യില്‍ എത്തും. കേരളത്തിലെ മിക്ക തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ സി.ഇ.ആർ. (കോർപ്പറേറ്റ് എൻവയൺമെന്റൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ പരിശോധിക്കാത്തതിനും റിപ്പോർട്ടുകൾ ഓഡിറ്റിന് നൽകാത്തതിനും കലഞ്ഞൂർ പഞ്ചായത്തിന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികൾ ഇത്തരത്തിൽ സി.ഇ.ആർ. ഫണ്ട് വിനിയോഗം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം ഓഡിറ്റിന് ആവശ്യപ്പെട്ടുവെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇവ നല്കാൻ കൂട്ടാക്കിയില്ല. >>> CER ഫണ്ട് ചെലവഴിക്കാത്ത ക്വാറികള്‍ ….. തുടരും.