മലപ്പുറം:മലപ്പുറത്തും കണ്ണൂരും വോട്ടിംഗിനിടെ സംഘര്‍ഷം.മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരില്‍ എല്‍.ഡി.എഫ്,യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായി . ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തിനിടെ പരിക്കേറ്റു.തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ലാത്തിവീശി.
കണ്ണൂര്‍ പരിയാരത്തും തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ഇവിടെ ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. ബൂത്ത് ഏജന്റായ നാസറിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് പരാതിപ്പെട്ടു. താനൂര്‍ നഗരസഭയിലെ 16ആം വാര്‍ഡിലും സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്‌മാന് സംഘര്‍ഷത്തിനിടെ പരിക്കേറ്റു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
അതേസമയം മുഴപ്പിലങ്ങാട് നാലാം വാര്‍ഡില്‍ കളളവോട്ട് ചെയ്‌തെന്ന് കണ്ടെത്തി. പടന്നക്കാട് ഈസ്‌റ്റ് എല്‍.പി സ്‌കൂളിലാണ് കളളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ പേരില്‍ കളളവോട്ട് നടന്നു . തുടര്‍ന്ന് പ്രേമദാസന് പ്രിസൈഡിംഗ് ഓഫീസര്‍ ചലഞ്ചിംഗ് വോട്ട് ചെയ്യാന്‍ അനുവദിച്ചു.