മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച രാവിലെ പൊതുസ്ഥിതി വിലയിരുത്തിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 246 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപട്ടികയിലുള്ളത്. അതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലെ രണ്ട് പേര്‍ക്ക് നിപ ലക്ഷണമുണ്ട്. നാല് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ ആദ്യമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതില്‍ തന്നെ രോഗലക്ഷണങ്ങളുള്ളവരുടെ ആദ്യമെടുക്കും.
ശേഷം രോഗലക്ഷണമില്ലാത്തവരുടെ സാമ്പിള്‍ എടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്കായുള്ള ലാബുണ്ട്. അതു കൂടാതെ എന്‍.ഐ.വി പൂനെയുടെ ഒരു മൊബൈല്‍ ലാബ് കൂടി പൂനെയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. അതോടെ കൂടുതലായിട്ട് സാമ്പിളുകള്‍ ഇവിടെത്തന്നെ പരിശോധിക്കാന്‍ കഴിയും. വീടുതോറുമുള്ള സര്‍വ്വേയും നടത്തുന്നുണ്ട്.