മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട് അടച്ച വീട്ടിലേക്കുള്ള വഴി തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബം പ്രതിഷേധിച്ചത്. തഹസില്‍ദാറും, ജനപ്രതിനിധികളും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കുടുംബം മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്. ഇന്നലെ വൈകിട്ടാണ് കൊടശ്ശേരി സ്വദേശിയായ 80 കാരി ചക്കി മരിച്ചത്. രാവിലെ മുതല്‍ മൃതദേഹവുമായി കുടുംബം പ്രതിഷേധം ആരംഭിച്ചു. അയല്‍വാസി മണ്ണിട്ട് അടച്ച തങ്ങളുടെ വീട്ടിലേക്കുള്ള വഴി ഉടന്‍ തുറന്നു തരണമെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം.
പതിറ്റാണ്ടുകളായി വീട്ടിലേക്ക് പോകുന്ന വഴിയാണ്. പുതിയ വീട് നിര്‍മിച്ച ശേഷം അയല്‍വാസി മണ്ണിട്ട് അടച്ചതെന്നാണ് ഇവരുടെ ആരോപണം. വഴി അടച്ചതോടെ അസുഖം വന്ന ചക്കിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും കുടുംബം പറയുന്നു. തഹസില്‍ദാറും ജനപ്രതിനിധികളും ഇരുകുടുംബങ്ങളുമായി സംസാരിച്ചെങ്കിലും വഴി വിട്ടുനല്‍കാന്‍ അയല്‍വാസി തയ്യാറായില്ല. താത്കാലിമായി വഴി നല്‍കാമെന്നും ഒത്തുതീര്‍പ്പിന് ഇല്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. ഭൂമി അളന്നു വീട്ടിലേക്കുള്ള വഴി ഒരുക്കുമെന്ന തഹസില്‍ദാറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് കുടുംബം ചക്കിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്.