മനഃശാസ്ത്രജ്ഞനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ.ഡഗ്ലസ് കെ. കഥ, തിരക്കഥ, ഗാനരചന, സംവിധാനം എന്നിവ നിർവഹിച്ച മലയാള ചലച്ചിത്രം “ഓർമ്മകളുടെ തീരത്ത് ” യുട്യൂബില്‍ തരംഗമാകുന്നു. മനുഷ്യബന്ധങ്ങൾ, സൗഹൃദം, സ്നേഹം, ഓർമ്മകൾ, നഷ്ടങ്ങൾ, ജീവിത യാഥാർത്ഥ്യങ്ങൾ എന്നിവ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതാണ് ഈ മലയാള ചലച്ചിത്രം. ജീവിതത്തിൽ മായാതെ നിൽക്കുന്ന ഓർമ്മകളുടെയും ബന്ധങ്ങളുടെയും ഊഷ്മളമായ… വികാരഭരിതമായ കഥയാണ് “ഓർമ്മകളുടെ തീരത്ത് “. മോനിഷ ഡഗ്ലസ് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ നിർവഹിച്ചത് മിഥുൻ മുരളിയാണ്.
സ്വതന്ത്ര മലയാള സിനിമാ മേഖലയ്ക്ക് പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി പുതുമുഖ താരങ്ങളും കലാകാരന്മാരും ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഡോ.ഡഗ്ലസ് കെ., ഡോ.കൃഷ്ണശ്രീ, ഗൗരി കൃഷ്ണ, ഡിയോൺ ഡഗ്ലസ്, ടോണി സിജിമോൻ, രൂപ്‌രാജ്, ദീപ, വൈശാഖ്, അനു ആലപ്പുഴ, വാസു മുരുകൻ, അമർ, വിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഗാനത്തിൽ മൂന്ന് ഗായകർ ഒരുമിച്ച് ശബ്ദം നൽകിയിരിക്കുന്നത് ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ഡോ.ഡഗ്ലസ് കെ., അഭിരാമി രൂപ്‌രാജ്, മിഥുൻ മുരളി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗഹൃദം, കുടുംബബന്ധങ്ങൾ, ത്യാഗം, മാനസിക സംഘർഷങ്ങൾ, ജീവിതത്തിലെ പ്രതിസന്ധികൾ എന്നിവ പ്രമേയമാക്കി ഡോ.ഡഗ്ലസ് ഒരുക്കിയ ഈ ചിത്രം തികച്ചും വ്യത്യസ്തമാണ്. സിനിമ കാണാം ….





























