കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം വേണ്ടെന്ന് നേപ്പാൾ. രാജ്യത്തിന്റെ രക്ഷാസംഘങ്ങൾക്ക് ദുരന്തം കൈകാര്യംചെയ്യാനുള്ള ശേഷിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ളവർ ദുരന്തത്തിൽ കാണാതായതിനാൽത്തന്നെ നേപ്പാളിന്റെ നിലപാട് അന്താരാഷ്ട്രതലത്തിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലപാട് വിവാദമായതോടെ വിദേശസഹായം വേണ്ടെന്ന് വെക്കുകയല്ല ലക്ഷ്യമെന്ന് നേപ്പാൾ വ്യക്തമാക്കി. പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങളും ദുർഘടമായ ഭൂപ്രകൃതിയും പരിചയമുള്ള സ്വന്തം സുരക്ഷാസേനയെ പരമാവധി വിന്യസിക്കുന്നതിന് ‘മുൻഗണന’ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിദേശത്തുനിന്നുള്ള സഹായധനം സ്വീകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.
കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോർട്ടുപ്രകാരം ഇന്ത്യ, ചൈന, യു.എസ്., ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ നേപ്പാളിലെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനിടയിലാണ് നേപ്പാൾ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഒൻപത് ദക്ഷിണകൊറിയൻ പൗരരെ ദുരന്തത്തിൽ കാണാതായിട്ടുണ്ട്. അതിനാൽത്തന്നെ നേപ്പാളുമായി ചർച്ചയിലാണെന്നും 10 ലക്ഷം ഡോളറിന്റെ സഹായധനം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേപ്പാളിന് നൽകുമെന്നും ദക്ഷിണകൊറിയയുടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രളയം ബാധിച്ച പ്രദേശങ്ങൾ ടിബറ്റിനോടടുത്ത് കിടക്കുന്നതിനാലാണ് വിദേശസഹായം നേപ്പാൾ നിഷേധിക്കുന്നതെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൽ ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ടിബറ്റ് രാജ്യത്തെ ഏറ്റവും വിവാദപരമായ പ്രദേശങ്ങളിലൊന്നാണ്.
































