പത്തനംതിട്ട: പ്രസിദ്ധമായ മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ പതിനൊന്നുനാൾ നീണ്ടു നിൽകുന്ന ഉത്സവം മാർച്ച് 5 ന് കൊടിയേറും. രാത്രി 7.45 നും 8.10നും മദ്ധ്യേയാണ് കൊടിയേറ്റം. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എൻ.വിജയകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്നുള്ള പത്ത് ദിവസങ്ങളിലായി നാലാം ഉത്സവം മുതൽ 9 വരെ ദേവീ ജീവിത വാഹനത്തിലാണ് എഴുന്നള്ളുന്നത്. സേവ, പറയിടീൽ, എല്ലാ ദിവസവും അന്നദാനം, വിവിധ ക്ഷേത്ര കലകളോടൊപ്പം കേരളത്തിലെ പ്രമുഖ ഗജവീരന്മാർ പങ്കെടുക്കുന്ന മലയാലപ്പുഴ പൂരം, മെഗാഷോ, പിന്നണി ഗായകരായ രഞ്ജിനി ജോസ്, അൻവർ സാദത്ത്, അനുരാധ ശ്രീറാം, അരിസ്റ്റോ സുരേഷ് എന്നിവരുടെ ഗാനമേളകളും വിവിധ ദിവസങ്ങളിലായി നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ മുരളി പെരുമ്പട്ടേത്ത് , സെക്രട്ടറി വി.ആർ ജയചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ പ്രമോദ് താന്നിമുട്ടിൽ, ജോയിന്റ് സെക്രട്ടറി ഡി ശിവദാസ് എന്നിവര്‍ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 1250 ൽപരം ക്ഷേത്രങ്ങളിൽ ശബരിമല കഴിഞ്ഞാൽ വരുമാനം കൊണ്ടും പ്രസിദ്ധി കൊണ്ടും മുന്നില്‍ നില്‍ക്കുന്നതാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. വ്രതാനുഷ്ഠാനങ്ങളോടെ തിരുസന്നിധിയിൽ എത്തിച്ചേരുന്ന പതിനായിരകണക്കിന് ദേവീഭക്തർ സ്വന്തമായി നിവേദ്യം തയ്യാർ ചെയ്ത് മലയാലപ്പുഴ അമ്മയ്ക്ക് സമർപ്പിക്കുന്ന ചടങ്ങാണ് മലയാലപ്പുഴ പൊങ്കാല.
ഈ വർഷത്തെ പൊങ്കാല മഹോത്സവവും തൃക്കോടിയേറ്റും 2020 മാർച്ച് 5 (1195 കുംഭം 21) വ്യാഴാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുകയാണ്. 8 മണിക്ക് ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് ഐ.എ.എസ് , കോവിൽമല രാജാവ് ശ്രീ രാജ രാജ മന്നൻ, തിരൂവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി, ചലച്ചിത്ര താരങ്ങളായ മല്ലിക സുകുമാരൻ, സുധീർ കരമന, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ എന്നിവർ ഭദ്രദീപം തെളിയിച്ച് പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
രാവിലെ 9 മണിക്ക് ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദീപം പ്രത്യേകം സജ്ജമാക്കിയ പണ്ടാര അടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രന്മശ്രീ. അടിമുറ്റത്തു മഠം പരമേശ്വര ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അഗ്നി പകരും. പണ്ടാര അടുപ്പിലെ ദീപം പതിനായിരക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും പകരും. 10 മണിയോടെ പണ്ടാര അടുപ്പിലെ നിവേദ്യം തയ്യാറാക്കുന്നതോടുകൂടി ദേവീ മന്ത്രങ്ങളും ദേവീഗീതങ്ങളും ഉരുവിട്ടുകൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിൽ നിന്നും ദേവീ ജീവിത വാഹനത്തിൽ പുറത്തേക്കെഴുന്നെള്ളി പണ്ടാരയടുപ്പിലെ നിവേദ്യം സ്വീകരിച്ചതിനുശേഷം ഓരോ ഭക്തരുടെയും സമീപം വന്ന് നിവേദ്യം സ്വീകരിച്ച് അനുഗ്രഹം ചൊരിയുന്നതോടെയാണ് ചടങ്ങുകൾ പൂർണ്ണമാകുന്നത്.
































