അങ്കോല: ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി. ജില്ലാ പോലീസ് മേധാവിയാണ് മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. നിങ്ങളുടെ പ്രവര്‍ത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ്.പി. പറഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകനായ ബിജു കക്കയം പറഞ്ഞു. എന്തായാലും തങ്ങള്‍ പിന്മാറില്ലെന്നും നേരത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റിക്കഴിയാറായെന്നും ബിജു കക്കയം പറഞ്ഞു.
ചാനലുകളിലൂടെ ഓരോ വിവരങ്ങളും പുറത്തുവരുന്നതാകാം പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. കേരളത്തില്‍നിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേപേരെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ചില ചാനലുകാര്‍ ഇവിടെവന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നും ബിജു കക്കയം പറഞ്ഞു.