മുംബൈ : കല്യാണിലെ ആയുര്‍വേദ ഡോക്ടറും അംഗീകൃത മെഡിക്കല്‍ അറ്റന്‍ഡന്റ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമായ ഡോ. മധു കൊവിഡ് ബാധിച്ചു മരിച്ചു. 64 വയസ്സായിരുന്നു. ശ്വാസതടസ്സം കാരണം ഏപ്രില്‍ 14 നാണ് മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് ആയിരുന്നു, തുടര്‍ന്ന് സിടി സ്കാന്‍ റിപ്പോര്‍ട്ടില്‍ 50 മുതല്‍ 60 ശതമാനം വരെ കൊവിഡ് അണുബാധയും ന്യുമോണിയുടെ ലക്ഷണങ്ങളും കാണിച്ചു. കല്യാണിലെ സായി ശ്രദ്ധ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോ മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 5 ദിവസം മുമ്പാണ് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്.
എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. പിന്നീട് ഐസിയു കിടക്ക ഒഴിവില്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയില്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ അംഗീകൃത ഡീലറായ മധുവിന് കല്യാണ്‍, ഡോംബിവ്‌ലി എന്നിവിടങ്ങളില്‍ ഡിസ്പെന്‍സറികളുണ്ട്. ഭാര്യ നിര്‍മ്മല മധു. രണ്ടു മക്കള്‍ ദേവിക മധു, പ്രവീണ്‍ മധു.