മല്ലപ്പള്ളി: മല്ലപ്പള്ളി കല്ലൂപ്പാറ പഞ്ചായത്തിലെ തുരുത്തിക്കാടും സമീപ പ്രദേശങ്ങളിലും സാമൂഹികവിരുദ്ധശല്യം രൂക്ഷമാകുന്നതായി പരാതി. തുണ്ടിയങ്കുളം-കോമളം റോഡിലും പരിസരപ്രദേശത്തുമാണ് പ്രശ്നം കാര്യമായുള്ളത്.
ബി.എ.എം. കോളേജ് കളിസ്ഥലവും അടുത്തുള്ള വിജനമായ പറമ്പുകളും ഇക്കൂട്ടർ കൈയടക്കുന്നു. വിദൂരസ്ഥലത്ത് നിന്ന് എത്തുന്നവരുടെ കൂട്ടമാണിവിടെ. കോവിഡ് ചട്ടങ്ങളും പാലിക്കുന്നില്ല. മദ്യം ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവുമുണ്ട്. കഞ്ചാവ് വിതരണത്തിനുള്ള ഇടത്താവളമായും മാറി.
കിഴക്കൻ മേഖലയിൽ നിന്ന് കൊണ്ട് വരുന്ന വസ്തുക്കൾ ചെറുകിട ഇടപാടുകാർക്ക് കൈമാറാൻ സമീപത്ത് അധികം വീടുകളില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. കീഴ്വായ്പൂര് പോലീസിന്റെ പരിധിയിലായ ഇവിടെ കാര്യമായ പട്രോളിങ് ഉണ്ടാകാറില്ല. അതിനാൽ ഇക്കൂട്ടർക്ക് സൗകര്യമായിട്ടുണ്ട്. പോലീസ് ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.