മല്ലപ്പള്ളി : തൊഴിൽ പ്രതിസന്ധിയിലും തളരാതെ കോവിഡ് ആശുപത്രിക്ക് സ്നേഹസമ്മാനവുമായി ടാക്സി തൊഴിലാളികൾ. കുന്നന്താനം, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ 25 ടാക്സി തൊഴിലാളികൾ ചേർന്നാണ് കുന്നന്താനത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറിലേക്ക് 30000 രൂപയുടെ സാമഗ്രികൾ എത്തിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന സ്നേഹ ഡ്രൈവേഴ്സ് സ്വാശ്രയസംഘത്തിലെ അംഗങ്ങളാണിവർ.
കിടക്ക, തലയിണ, ബെഡ്ഷീറ്റ്, ബക്കറ്റ്, കപ്പ്, തോർത്ത്, തലയിണ കവർ എന്നിവയാണ് കൈമാറിയത്.
ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണക്കുറുപ്പ് എന്നിവർ ചേർന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. സ്വാശ്രയസംഘം പ്രസിഡന്റ് ബി.ശ്രീകുമാര്‍, സെക്രട്ടറി തോമസ് സാമുവേൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷിനി കെ.പിള്ള, സി.എൻ.മോഹനൻ, ജി.ശശികുമാർ, ടി.ആർ.രാജു, രജനി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.