മലപ്പുറം : മലപ്പുറത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശിനി അസുഖം ഭേദമായി ഇന്ന് ആശുപത്രി വിടും. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഇവര്‍ അസുഖ ബാധിതയായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ പത്ത് മണിയോടെ ആശുപത്രി വിടുന്ന ഇവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കും.
അതേസമയം കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള സംവിധാനം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമാവുകയാണ്. ആര്‍ടിപിസിആര്‍ ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.
റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടിപിസിആര്‍) പരിശോധനാ ലബോറട്ടറിക്ക് ഐസിഎംആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. എം. പി ശശി അറിയിച്ചു