കൊല്‍ക്കത്ത : നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്ക്. പ്രചാരണത്തിനിടെ മമതയെ പിടിച്ച് തള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ ആരോപിച്ചു.
അവരുടെ കാലിനും മുഖത്തുമാണ് പരിക്കേറ്റത്. ചികില്‍സക്കായി മമതയെ കൊല്‍ക്കത്തയിലേക്ക് മാറ്റി. പ്രചാരണം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് വീട്ടിലെത്തി ഡോക്ടറെ കാണുമെന്നും മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. അവര്‍ നാടകമാണ് നടത്തുന്നത്. 300ഓളം പോലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. അവര്‍ ആക്രമിക്കപ്പെട്ടുവെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി നേതാവ് അര്‍ജുന്‍ സിങ് ചോദിച്ചു.