ധര്‍മടം : പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. പിണറായിക്കെതിരെ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. മമ്പറം ദിവാകരനെ കൂത്തുപറമ്പില്‍ മത്സരിപ്പിച്ചേക്കും. ഇടതു കോട്ടയായ ധര്‍മടം മണ്ഡലത്തില്‍ 2011 ലും 2016 ലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത് കോണ്‍ഗ്രസ് നേതാവായ മമ്പറം ദിവാകരനാണ്. 2011 ല്‍ കെ.കെ. നാരായണനെതിരെ 15162 വോട്ടുകള്‍ക്കും 2016ല്‍ പിണറായി വിജയനെതിരെ 36905 വോട്ടുകള്‍ക്കുമാണ് പരാജയപ്പെട്ടത്. ഇത്തവണ ധര്‍മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും.
എല്‍ജെഡി മുന്നണി മാറിയതോടെ കോണ്‍ഗ്രസ് ഏറ്റെടുത്ത കൂത്തുപറമ്പ് സീറ്റില്‍ മമ്പറം ദിവാകരനെ മത്സരിപ്പിക്കാന്‍ ഇതോടെ സാധ്യതയേറി. പിണറായി വിജയനെതിരെ ധര്‍മടത്ത് വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എഐസിസി വക്താവും കണ്ണൂര്‍ സ്വദേശിനിയുമായ ഷമ മുഹമ്മദ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സുമാ ബാലകൃഷ്ണന്‍, മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്റെ മകള്‍ അമൃത രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.