കോഴക്കോട് : കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിൻറെ തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് സ്വാഗതം ചെയ്യുന്നുവെന്ന് കുടുംബം. സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിൽ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുടുംബം പറഞ്ഞു. നീതികിട്ടിയില്ലെങ്കിൽ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കോടതിയിലെ ഹർജിയുമായി മുന്നോട്ടുപോകുമെന്നും മാമിയുടെ മകൾ പറഞ്ഞു. രണ്ടാഴ്ചകൊണ്ട് തെളിയേണ്ട കേസ് ആയിരുന്നുവെന്നും ഇടപെടലുകൾ നടന്നെന്ന് ഉറപ്പാണെന്നും സഹോദരി റംല ആരോപിക്കുകയുണ്ടായി.
ഇടപെടലുകൾ നടക്കാത്ത സംഘത്തിന് അന്വേഷണച്ചുമതല കൊടുക്കണം. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും കുടുംബം. കേസ് സിബി.ഐ.ക്ക് വിടാനുള്ള ശുപാർശയ്ക്ക് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കേസന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി.ക്ക് നൽകിയിരുന്നു. മാമിയുടെ കുടുംബത്തിന്റെ അഭ്യർഥനമാനിച്ചാണ് ശുപാർശയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു. മാമിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ ഉൾപ്പടെ അറിയിച്ചിരുന്നു.
എന്നാൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഉൾപ്പട്ട സംഘത്തെയാണ് അന്വേഷണം ഏൽപ്പിച്ചത്. പി.വി അൻവർ എം.എൽ.എ.യുടെ ആരോപണങ്ങൾ വന്നതോടെയാണ് കേസ് നിർബന്ധമായും സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം എത്തിയത്. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതായതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതി അടുത്തമാസം പരിഗണിക്കും. 2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്‌മെന്റിൽനിന്ന് ഓഗസ്റ്റ് 21-ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22-ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.