അടൂര്‍: മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുള്ള മകനെ ചട്ടുകം വെച്ച് പൊള്ളിച്ച കേസില്‍ പിതാവിനെ അറസ്‌റ്റ് ചെയ്‌തു. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ കിഴക്കതില്‍ ശ്രീകുമാറിനെ(31)നെയാണ് അറസ്‌റ്റ് ചെയ്‌തത്. മാതാവ് സലാമത്ത് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്‌റ്റ്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. കഴിഞ്ഞ ദിവസം വൈകിട്ട് ചട്ടുകം ചൂടാക്കി വലതു കാലില്‍ വെച്ച് പൊള്ളലേല്‍പ്പിച്ചുവെന്നാണ് മൊഴി. സ്‌കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന് അയയ്ക്കുന്നുണ്ട്. ശ്രീകുമാര്‍ ജോലിക്ക് പോയപ്പോള്‍ കുറച്ച് പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. വൈകിട്ട് തിരിച്ചു വന്ന് എഴുതിച്ചപ്പോള്‍ മകന് അറിയാതെ വന്നപ്പോള്‍ ചട്ടുകം പൊള്ളിച്ച് വെക്കുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മാതാവിനെ വിളിച്ചു വരുത്തി മൊഴി എടുത്ത് പോലീസിന് കൈമാറുകയായിരുന്നു. കുട്ടിയുടെ മറ്റു ശരീരഭാഗങ്ങളിലും പൊള്ളലേറ്റ് പാടുകള്‍ കണ്ടെത്തി. പിതാവ് പതിവായി കുട്ടിയെ പീഡിപ്പിച്ചിരുന്നുതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു.