അഹമ്മദാബാദ് : ഗുജറാത്തില്‍ മയക്കുമരുന്നിന് അടിമപ്പെട്ട ഇരുപത്തൊന്നുകാരനായ മകനെ കൊന്ന് വെട്ടിനുറുക്കിയ അച്ഛന്‍ അറസ്റ്റില്‍. അഹമ്മദാബാദ് സ്വദേശിയായ നിലേഷ് ജോഷിയാണ് അറസ്റ്റിലായത്. കൊലയ്ക്കുശേഷം നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഞായറാഴ്ച പിടിയിലാവുകയായിരുന്നു. പതിനെട്ടിന് മകന്‍ സ്വയമുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് നിലേഷ് ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
സ്വയം നിലേഷിനെ ആക്രമിക്കാന്‍ ശ്രമിച്ചു. നിലേഷ് മകനെ ചവിട്ടി വീഴ്ത്തി തലയില്‍ കല്ലുകൊണ്ട് തുടരെ ഇടിച്ച് കൊലപ്പെടുത്തി. ഇലക്‌ട്രിക് വാളും പ്ലാസ്റ്റിക് ബാഗും വാങ്ങിവന്ന് മൃതദേഹം ആറായി മുറിച്ച് പൊതികളാക്കി നഗരത്തില്‍ രണ്ടിടത്തായി ഉപേക്ഷിച്ചു. രണ്ടിടത്തുനിന്നായി 20നും 21നും തല, കൈകള്‍, കാലുകള്‍ എന്നിവ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയില്‍ ഇവ ഒരേ ആളുടേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് നിലേഷിലേക്ക് എത്തിച്ചേര്‍ന്നത്.