മീററ്റ് : ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാജബ്പൂര്‍ സ്വദേശിയായ ഷമയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ രണ്ടാം ഭര്‍ത്താവായ ഫാസിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്.
തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ പ്രതി സമ്മതിച്ചെന്ന് പോലീസ് പറയുന്നു. ആദ്യ ഭര്‍ത്താവ് മരണപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് 36കാരിയായ ഷമ വീണ്ടും വിവാഹിതയായത്.
മൊറാദാബാദിലെ അന്‍വര്‍നഗറിലെ ഫാസിലുമായാണ് വിവഹം. ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകനോടൊപ്പമാണ് ഷമ ഫാസിലിനൊപ്പം രാജബ്പൂരിലെ ഒരു വാടക വീട്ടില്‍ താമസമാക്കിയത്. ഷാമയുടെ സഹോദരി ഫര്‍ഹയും ദമ്പതികളുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി വൈകി, ഫോണില്‍ സംസാരിച്ചതിന് ഷമയെ ഫാസില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. വെടിയൊച്ച ശബ്ദം കേട്ട് ഫര്‍ഹ ഉറക്കമുണര്‍ന്ന് എത്തിയപ്പോള്‍ ഷമ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.