കോഴിക്കോട് : മണപ്പുറം ഫിനാന്‍സിന്റെ കോഴിക്കോട് മാവൂര്‍ റോഡ് ശാഖ കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പുകേസില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്റെ ഇടപാടുകാരുടെ പണം മുന്‍ മാനേജര്‍ അന്നശ്ശേരി സ്വദേശി ജില്‍ത്തിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തു എന്നാണ് കേസ്. സ്ഥാപന അധികൃതര്‍ക്കെതിരെ മറ്റൊരു കേസും നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടര വര്‍ഷമാണ് ജില്‍ത്ത് ഇവിടെ ജോലി ചെയ്തത്. ഈ കാലത്തെ സംശയകരമായ ഇടപാടുകള്‍ മുഴുവന്‍ വരും ദിവസം പരിശോധിക്കും. ഓഫിസിലെ മറ്റു ജീവനക്കാരിലാര്ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്.
അതിനാല്‍ വരും ദിവസം ഇവരുടെ മൊഴിയുമെടുക്കും. അതിനിടെ സ്ഥാപനവും ആരുടെയെല്ലാം പണം നഷ്ടപ്പെട്ടു എന്നറിയാന്‍ പരിശോധന നടത്തുന്നുണ്ട്. ഒരു മാസം മുമ്പ് ജോലി വിട്ട ഇയാള്‍ക്കെതിരെ സ്ഥാപനവും പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ എത്ര രൂപയുടെ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാവൂ എന്നാണ് പോലീസ് പറയുന്നത്. ഭൂമിയുടെ ആധാരം പണയപ്പെടുത്തി നേരത്തെ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തവരുടെ തിരിച്ചടവ് തുകയില്‍ കൃത്രിമം വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.