കോട്ടയം: മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ കുരിശുപള്ളികളിലേക്കുള്ള റാസ തിങ്കളാഴ്ച നടക്കും. ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ ചൊവ്വാഴ്ചയാണ്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നടതുറക്കല്‍ ശശ്രൂഷക്ക് നേതൃത്വം നല്‍കും. ചൊവ്വാഴ്ച 11.30 ന് ഉച്ച നമസ്കാരത്തെതുടര്ന്നാണ് നടതുറക്കല്‍ ശുശ്രൂഷ നടക്കുക. കത്തീഡ്രലിെന്റ പ്രധാന മദ്ബഹായില്‍ സ്ഥാപിച്ച മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൊതുദര്‍ശനത്തിന് തുറക്കുന്ന ശുശ്രൂഷയാണ് നടതുറക്കല്‍ ശുശ്രൂഷ.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കത്തീഡ്രലിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം കല്‍ക്കുരിശിനു മുന്നില്‍ ധൂപപ്രാര്‍ഥന നടത്തിയശേഷമാണ് റാസ ആരംഭിക്കുന്നത്. എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായ വര്‍ണാഭ റാസ കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികളെ പൂര്‍ണമായി ഒഴിവാക്കി വാഹനത്തില്‍ ചടങ്ങായി മാത്രമാണ് ക്രമീകരിച്ചത്. തുടര്‍ന്ന് കണിയാംകുന്ന് കുരിശിന്‍തൊട്ടി, മണര്‍കാട് കവലയിലെ കുരിശിന്‍തൊട്ടി എന്നിവിടങ്ങളില്‍ ധൂപപ്രാര്‍ഥന നടത്തും. തിരികെ കരാട്ടെ പള്ളിയില്‍ എത്തുന്ന റാസയെ കത്തീഡ്രലിന്റെ പ്രവേശന കവാടത്തില്‍ സ്വീകരിക്കും.