കൊച്ചി : കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകൾക്കും നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്തി. സംസ്ഥാനത്തെത്തുന്ന മുഴുവൻ പേരുടയും സാംപിൾ പരിശോധനയ്ക്ക് നിർദേശം നൽകി മാർഗരേഖ പരിഷ്കരിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും സാമ്പിൾ എടുക്കും. ഇവര്‍ പരിശോധനാ റിപ്പോർട്ട് വരുന്നത് വരെ ഐസൊലേഷനിൽ കഴിയണം.
കേരളത്തില്‍ കൊവിഡ് 19 വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വലിയ ജാഗ്രതാനിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ 25 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. 31,173 പേര്‍ നിരീക്ഷണത്തിലാണ്. 237 പേരാണ് ആശുപത്രിയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ അയച്ചതിൽ 579 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. തിരുവനന്തപുരത്ത് ഒരേസമയം ഏറ്റവും കൂടുതൽപേർ നിരീക്ഷണത്തിലുള്ള ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും വർക്കലയിലും ശക്തമായ ജാഗ്രത തുടരുകയാണ്.
അതേസമയം കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടി ഓടുന്ന കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. ഈ മാസം അവസാനം വരെ കൊച്ചുവേളി – മംഗളൂരു സെൻട്രൽ അന്തോദ്യ എക്സ്പ്രസ്സ് ഇരുവശത്തേക്കും സർവീസ് നടത്തില്ല. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ്സും ഇരുവശത്തെക്കുമുള്ള സർവീസുകൾ റദ്ദാക്കി. 20ന് എറണാകുളത്ത് നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാവില്ല. എറണാകുളം കായംകുളം, കൊല്ലം-കന്യാകുമാരി റൂട്ടുകളിൽ മെമു ഓടില്ല. കൂടാതെ 12 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 14 ട്രെയിനുകൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. യാത്രക്കാർ കുറഞ്ഞതിനാലും മുൻകരുതൽ എന്ന നിലയിലുമാണ് നടപടി.