മഞ്ചേരി : പത്തരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുൽ ലാമിയ വീട്ടിൽ അമീർ (36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടിൽ വീട്ടിൽ അഷ്റഫ് (43), തമിഴ്നാട് തേനി വടക്കുതറ വീഥിയിൽ മുരുകേശ്വരി (45) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്.
വിപണിയിൽ ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ വാഹനപരിശോധനക്കിടയിൽ മഞ്ചേരി കച്ചേരിപ്പടി ബൈപ്പാസിൽവെച്ചാണ് ഇവർ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘത്തെ തമിഴ്നാട്ടിലേക്ക് അയച്ചതായി സർക്കിൾ ഇൻസ്പെക്ടർ എ.ആർ നിഗീഷ് പറഞ്ഞു. മലപ്പുറം ഇന്റലിൻജൻസ് ബ്യൂറോ ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖ്, ജെ.ഇ.സി സ്ക്വാഡ് അംഗം ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ പി.രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഷബീറലി, കെ.സബീർ, പി.റെജിലാൽ, എ.കെ നിമിഷ, ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.