തിരുവനന്തപുരം : ഇരട്ടത്തോൽവിയുടെ ആഘാതത്തിലാണ് ബിജെപിയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും. പാർട്ടിക്ക് സ്വാധീനമുണ്ടെന്നു കരുതിയ രണ്ട് സീറ്റുകളിൽ പുതിയ പരീക്ഷണമെന്ന നിലയിൽ സംസ്ഥാന അധ്യക്ഷനെ ഒരേ സമയം പോരിനിറക്കി പരാജയം ഏറ്റുവാങ്ങിയതിന്റെ നഷ്ടത്തിലും നാണക്കേടിലുമാണ് പാർട്ടിയും സംസ്ഥാന അധ്യക്ഷനും. മഞ്ചേശ്വരത്ത് ഒരുക്കൽക്കൂടി പരാജയം ഏറ്റുവാങ്ങിയ സുരേന്ദ്രന് കോന്നിലും രണ്ടാം പരാജയമാണ്.
2016 ൽ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് തോറ്റതെങ്കിൽ ഇത്തവണ പരാജയത്തിന്റെ ആഴം കൂടി. അവസാന നിമിഷം വരെ പൊരുതിയ സുരേന്ദ്രൻ 3000ത്തിലേറെ വോട്ടിനാണ് ഒരിക്കൽ കൂടി പരാജയപ്പെട്ടത്. കഴിഞ്ഞ തവണ എതിരാളിയായിരുന്ന അബ്ദുൽ റസാക്കിന്റെ രണ്ടാം മൽസരത്തിലാണ് സുരേന്ദ്രൻ 89 വോട്ടിന് തോറ്റത്. എന്നാൽ അബ്ദുൽ റസാക്കിന്റെ മരണത്തെ തുടർന്നു ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കമറുദീൻ ജ്വല്ലറി ഇടപാട് കേസിൽപ്പെട്ടതോടെ മൽസരരംഗം വിട്ടത് തനിക്കനുകൂലമാവും എന്നായിരുന്നു സുരേന്ദ്രന്റെ പ്രതീക്ഷ. പുതുമുഖത്തെ രംഗത്തിറക്കി ലീഗ് നടത്തിയ പരീക്ഷണം ഒരിക്കൽക്കൂടി സുരേന്ദ്രന് തിരിച്ചടിയായി. രണ്ട് ദിവസം മാത്രമേ പ്രചാരണത്തിനിറങ്ങിയുള്ളൂവെങ്കിലും പ്രവർത്തകർ നടത്തിയ ചിട്ടയായ പ്രവർത്തനം വഴി വിജയം നേടാം എന്ന സുരേന്ദ്രന്റെ പ്രതീക്ഷയും അസ്ഥാനത്തായി.
അതേസമയം ശബരിമല സമര നായകൻ എന്ന പരിവേഷത്തോടെ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഒരിക്കക്കൽക്കൂടി പോരിനിറങ്ങിയ സുരേന്ദ്രന് അവിടെയും കാലിടറി. 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ 40,000 ൽ പരം വോട്ട് നേടിയ സുരേന്ദ്രൻ 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 39786 വോട്ടു നേടിയിരുന്നു. എന്നാൽ കേരളത്തിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച ഏക സ്ഥാനാർഥിയായ സുരേന്ദ്രന് ഇത്തവണയും കോന്നിയിൽ മൂന്നാം സ്ഥാനമേ നേടാനായുള്ളൂ.
പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്നതിനൊപ്പം ശബരിമല സമരനായകനെന്ന് പേരെടുത്ത സുരേന്ദ്രന് പക്ഷേ വിശ്വാസ സമൂഹത്തിന്റെ മനംകവരാനായില്ലെന്നത് ബിജെപിയെയും സുരേന്ദ്രനെയും ഒരുപോലെ ചിന്തിപ്പിക്കുന്നതാണ്. ഒപ്പം സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ തുടക്കംമുതൽ പൊരുതുന്നവർക്ക് കൂടുതൽ കുത്തു പകരുന്നതാണ് പാർട്ടിയുടെ സംസ്ഥാനത്തെ തകർച്ചയും സുരേന്ദ്രന്റെ വ്യക്തിപരമായ തോൽവിയും. രണ്ടിടങ്ങളിൽ മത്സരിക്കുന്നത് ശരില്ലെന്ന ഒരു വിഭാഗത്തിന്റെ വിമർശനം തള്ളിയാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രനെ രണ്ടിടത്തും പോരിനിറക്കിയത്. വിമർശകരുടെ വാദം ശരിവയ്ക്കുന്നതുകൂടിയായി മത്സരം ഫലം.