ചങ്ങനാശേരി : സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 143-ാമത് ജയന്തി. വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. രാവിലെ 7.30 മുതല്‍ പെരുന്ന എന്‍ എസ് എസ് ആസ്ഥാനമന്ദിരത്തിലെ മന്നം സമാധിയില്‍ സമുദായത്തിലേയും രാഷ്ട്രീയത്തിലേയും സിനിമയിലേയും പ്രമുഖ വ്യക്തിത്വങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. ആയിരക്കണക്കിനു സമുദായാംഗങ്ങള്‍ പങ്കെടുത്ത അഖില കേരള നായര്‍ മഹാസമ്മേളനത്തോടെയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്കു വര്‍ണാഭമായ തുടക്കം കുറിച്ചത്.
മന്നം സമാധിയില്‍ പുലര്‍ച്ചെ ആരംഭിച്ച പ്രഭാതഭേരി, പുഷ്പാര്‍ച്ചന എന്നിവ നടത്തി. തുടര്‍ന്നു സമുദായ സംഘശക്തി തെളിയിച്ച് സമുദായ പ്രതിനിധികള്‍ പങ്കെടുത്ത അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം നടന്നു. സംസ്ഥാന വ്യാപകമായുള്ള എന്‍ എസ് എസിന്റെ 60 താലൂക്ക് യൂണിയനുകളിലെയും വിവിധ കരയോഗം-വനിതാ-ബാലജന സംഘങ്ങളുടെ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്തു. പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്തെ സ്‌കൂള്‍ മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ മന്നം നഗറിലേക്ക് രാവിലെ മുതല്‍ തന്നെ സമുദായാംഗങ്ങള്‍ ഒഴുകിയെത്തിയിരുന്നു.