ശബരിമല: ഉത്തരവാദിത്വത്തോടെയും അവബോധത്തോടെയുമുള്ള തീര്‍ത്ഥാടനം ലക്ഷ്യമിടുന്ന സംരംഭമായ
‘പുണ്യം പൂങ്കാവന’ത്തിന്റെ ആശയ പ്രചരണത്തിനും ബോധവത്കരണത്തിനുമായി സന്നിധാനത്ത് വലിയ നടപ്പന്തലില്‍ വീഡിയോ വാള്‍ സ്ഥാപിച്ചു. വീഡിയോ വാളിന്റെ സ്വിച്ച് ഓണ്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു നിര്‍വ്വഹിച്ചു.
എക്സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്ര പ്രസാദ്, സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത് ദാസ്, എ എസ് ഒ സുരേഷ്‌കുമാര്‍, എസ് പി വിശ്വനാഥ്, എന്‍ ഡി ആര്‍ എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍, ആര്‍ എ എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് നിര്‍മ്മല്‍, അയ്യപ്പസേവ സംഘം വൈസ് പ്രസിഡന്റ് ബാലന്‍ സ്വാമി, പുണ്യം പൂങ്കാവനം മുന്‍ കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്ലാസ്റ്റിക് വര്‍ജ്ജനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസര ശുചിത്വം, പമ്പാനദിയുടെ സംരക്ഷണം, അച്ചടക്കം, വാക്കിലും പ്രവൃത്തിയിലും ചിന്തയിലും നന്മയും ശുദ്ധിയും പുലര്‍ത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ 2010-11 മണ്ഡലക്കാലത്ത് അന്നത്തെ സ്പെഷ്യല്‍ ഓഫീസറും ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേഷന്‍ ഐജിയുമായ പി.വിജയന്റെ ആശയത്തില്‍ നിന്ന് ആരംഭിച്ചതാണ് ‘പുണ്യം പൂങ്കാവനം’പദ്ധതി. സ്വാമിയുടെ പൂങ്കാവനം എപ്പോഴും ശുചിയായിരിക്കാന്‍ സന്നിധാനത്ത് ജോലിക്ക് എത്തുന്നവരും ദര്‍ശനത്തിന് എത്തുന്നവരും ചേര്‍ന്ന് രാവിലെ ഒന്‍പതുമുതല്‍ പത്തുവരെ ഒരുമണിക്കൂര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് പദ്ധതിയുടെ ഇപ്പോഴത്തെ നോഡല്‍ ഓഫീസര്‍ കൂടിയായ അദ്ദേഹം മുന്നോട്ട് വച്ച നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുള്ള പദ്ധതിയെ പ്രധാനമന്ത്രി ഏറെ പ്രശംസിക്കുകയുണ്ടായി.’പുണ്യം പൂങ്കാവന’ത്തിന്റെ സന്ദേശം രാജ്യമെമ്പാടും പ്രചരിപ്പിക്കാന്‍ 22 സംസ്ഥാനങ്ങളിലൂടെ, 12000 കിലോമീറ്റര്‍ താണ്ടി നടത്തിയ യാത്ര ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ വിവിധ ഭാഗങ്ങള്‍ക്കുപുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും സിംഗപ്പൂര്‍, അബുദാബി, ബഹ്‌റൈന്‍, മലേഷ്യ രാജ്യങ്ങളിലും വേരാഴ്ത്തിയിട്ടുണ്ട് ‘പുണ്യം പൂങ്കാവനം’.