ശബരിമല: വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സന്നിധാനത്ത് ദര്‍ശന സഹായമൊരുക്കി സുദര്‍ശനം സംഘം. ഇതുവരെ 311 പേര്‍ക്ക് ഈ സന്നദ്ധ പ്രവര്‍ത്തകര്‍ കൈത്താങ്ങായി. വയോജന-ഭിന്നശേഷി സൗഹൃദ ശബരിമല എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് സുദര്‍ശനം.
ശബരിമലയില്‍ എത്തിച്ചേരുന്ന വയോജനങ്ങളും ഭിന്നശേഷിക്കാരുമായ തീര്‍ഥാടകര്‍ക്ക് പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരുടെയും ദ്വിഭാഷികളുടെയും സേവനമാണ് സുദര്‍ശനം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. വിവിധ കോളജുകളില്‍ നിന്നുള്ള നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ശബരിമലയില്‍ സുദര്‍ശനം പദ്ധതി സേവനത്തിനായി എത്തിയിട്ടുള്ളത്.
ശാരീരിക അവശതമൂലം മലകയറാന്‍ പ്രയാസപ്പെട്ട നിരവധി തീര്‍ഥാടകര്‍ക്ക് സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ ഇതിനകം കൈത്താങ്ങായി മാറിയിട്ടുണ്ട്. പുറമെ അസുഖ ബാധിതകരാകുന്നവര്‍ക്കും ഇവര്‍ തുണയാകുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലും രണ്ട് സുദര്‍ശനം പ്രവര്‍ത്തകര്‍ ഉണ്ട്.
24 മണിക്കൂറും ഇവരുടെ പ്രവര്‍ത്തനം ലഭ്യമാണ്. 22 സുദര്‍ശനം സന്നദ്ധ പ്രവര്‍ത്തകരാണ് ആകെയുള്ളത്. പമ്പയിലും നിലയ്ക്കലും സുദര്‍ശനം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ദ്വിഭാഷികളുടെ സേവനം ലഭ്യമാണ്. പമ്പയില്‍ സബ്സിഡി നിരക്കില്‍ ഡോളി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശിയ തലത്തില്‍ തന്നെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രത്യേക സംവിധാനമൊരുക്കുന്നത് ഇതാദ്യമാണെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ ഒ അബീന്‍ പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്ന അയ്യപ്പ വിശ്വാസികള്‍ക്ക് സുദര്‍ശനം പദ്ധതി ഏറെ ആശ്വസ പകരുന്നതായി അവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.