കോന്നി : ഹൈടെക് സ്കൂളുകള്‍ ജില്ലയില്‍ ഇഷ്ടംപോലെയുണ്ടെങ്കിലും സ്കൂളില്‍ വരാനും പോകാനും മണ്ണീറയിലെ കുട്ടികള്‍ക്ക് ബസ്സില്ല. വന്യമൃഗങ്ങളെ ഭയന്ന് കാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്നുവേണം സ്കൂളുകളിലും കോളേജുകളിലും പോകുവാന്‍. പകല്‍പോലും മൃഗങ്ങളുടെ ശല്യം രൂക്ഷമായ ഇവിടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. തണ്ണിത്തോട് പഞ്ചായത്തില്‍പ്പെട്ട സ്ഥലമാണിത്.
മണ്ണീറയിലേക്ക് എത്തിച്ചേരേണ്ട ജനങ്ങൾ തണ്ണിത്തോട് മുണ്ടോംമൂഴിയിൽ ബസിറിങ്ങയ ശേഷം വനത്തിലൂടെവേണം ജനവാസമേഖലയിലേക്കെത്തിച്ചേരുവാൻ. വർഷങ്ങൾക്ക് മുൻപ് ഇതുവഴി സർവ്വീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസും ഇപ്പോൾ സർവ്വീസ് നടത്തുന്നില്ല. മതിയായ കളക്ഷൻ ലഭ്യമാകാത്തതായിരുന്നു സർവ്വീസ് നിർത്തലാക്കുന്നതിന് കാരണമായി പറയുന്നത്. ബസ് സർവ്വീസ് നിർത്തലാക്കിയതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. വിദ്യാർത്ഥികളുൾപ്പെടെയുള്ളവരാണ് യാത്രാ സൗകര്യമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കൽ, തേക്കുതോട്, കോന്നി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിദ്യാലയങ്ങളിലേക്കും തിരികെ വീട്ടിലേക്കും എത്തിച്ചേരണമെങ്കിൽ മുണ്ടോംമൂഴിയിൽ ബസിറങ്ങി വനഭാഗത്ത് കൂടി കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയാണ്.
വഴിവിളക്കുകൾ ഉണ്ടെങ്കിലും വനഭാഗത്ത് കൂടിയുള്ള യാത്രയിൽ കാട്ടുപന്നിയുടെയും മറ്റും ആക്രമണമുണ്ടാകുമോ എന്ന ഭയവും കുട്ടികൾക്കുണ്ട്. റോഡിനിരുവശവും വനമായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സ്വന്തമായി വാഹനമുള്ളവരും ടാക്സി വാഹനങ്ങളും പലപ്പോഴും ഇവരെ വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. മണ്ണീറയിലേക്ക് ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളും പ്രദേശവാസികളും നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയരുന്നു.