കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ കെട്ടിട നിർമ്മാണ പാസിന്റെ മറവിൽ വൻതോതിൽ പച്ചമണ്ണുകടത്ത് . പട്ടാപ്പകലാണ് എലിമുള്ളുംപ്ലാക്കൽ ഐ എച്ച് ആർ ഡി കോളേജിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് മണ്ണ് ടിപ്പർ ലോറികളിൽ കടത്തി കൊണ്ടുപോകുന്നത്.
ഇവിടെ നിന്നും ദിവസേന നൂറിലധികം ലോഡ് പച്ചമണ്ണ് കടത്തിക്കൊണ്ടുപോകുന്നതായി സമീപവാസികൾ പറയുന്നു. പുലർച്ചെ മുതൽ എലിമുള്ളുംപ്ലാക്കൽ ജംഗ്ഷൻ മുതൽ കട്ടുമുറി വരെയുള്ള ഭാഗത്ത് ടിപ്പറുകളുടെ നീണ്ട നിരതന്നെ കാണാനാകും. ഹരിപ്പാട്, കായംകുളം, മാവേലിക്കര, മേഖലകളിൽ നിന്നുള്ള ടിപ്പർ ലോറികളാണ് മണ്ണ് എടുക്കാൻ വരുന്നവയിൽ അധികവും. ഇവിടെ നിന്നും നാല് ദിവസത്തേക്ക് 156 ലോഡ് മണ്ണ് നീക്കം ചെയ്യുന്നതിന് മാത്രമാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയിരുന്നത് എന്ന് അധികൃതർതന്നെ പറയുന്നു. എന്നാൽ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഇവിടെനിന്നും മണ്ണ് നീക്കം ചെയ്തുതുടങ്ങിയതായാണ് വിവരം.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ഞൂറ് ലോഡ് മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്തതായി നാട്ടുകാർ ആരോപിക്കുന്നു. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ഈ സ്ഥലത്ത് അനുമതി നൽകിയിരുന്നതായും എന്നാൽ മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നൽകിയതായി മൈനിങ് ആൻഡ് ജിയോളജി അധികൃതർ അറിയിച്ചിട്ടില്ലെന്നും കോന്നി താഴം വില്ലേജ് ഓഫീസർ പറഞ്ഞു. മാത്രമല്ല മണ്ണ് നീക്കം ചെയ്യുന്ന ടിപ്പർ ലോറി ജീവനക്കാരും തൊഴിലാളികളും അടക്കമുള്ളവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നില്ലെന്നും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.