തിരുവനന്തപുരം : കേശവദാസപുരത്തെ വയോധികയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സംശയം. കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68) യാണ് കൊല്ലപ്പെട്ടത്. അന്യ സംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാത്രിയില്‍ മനോരമയുടെ വീടിന് സമീപത്തുനിന്ന് ഫോണ്‍ വിളിക്കുന്നത് ചില നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കൂടാതെ കൃത്യം നടത്തിയ ശേഷം മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ്, പ്രതി തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്രയും ഉയരമുള്ള മതില്‍ കടന്ന് യുവാവിന് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ബംഗാള്‍ സ്വദേശിയായ ആദം അലിക്കായി തെരച്ചില്‍ തുടരുകയാണ്.
അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങള്‍ക്ക് മുമ്പാണ് ആദം അലിയും സംഘവും എത്തിയത്. മനോരമയുടെ വീട്ടില്‍ നിന്നായിരുന്നു ഇവര്‍ സ്ഥിരമായി വെള്ളമെടുത്തിരുന്നത്. എപ്പോഴും വീട്ടില്‍ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഇവര്‍ക്ക് ഉണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം ദേഷ്യം വന്ന് ആ സ്ത്രീയെ തല്ലിയെന്നും ഇനി താനിവിടെ നില്‍ക്കില്ലെന്നും ആദം സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞിരുന്നു.