തലശേരി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊല്ലാനല്ല ആക്രമിച്ചതെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികളുടെ വെളിപ്പെടുത്തല്‍. കോടതി കസ്റ്റഡിയില്‍ വിട്ട ഏഴു പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്.
അതിനുള്ള ആയുധങ്ങളാണ് കരുതിയിരുന്നത്. ആളുകള്‍ കൂടിയപ്പോള്‍ ഭയപ്പെടുത്താന്‍ ബോംബെറിയുകയായിരുന്നു. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി. തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സി.പി.എം പ്രാദേശിക നേതാക്കളെ മര്‍ദിച്ചതിന്റെ വിരോധത്തില്‍ ഏതെങ്കിലും മുസ്ളിംലീഗ് പ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ മൊഴി നല്കി.
അതേസമയം മന്‍സൂറിനെ ആക്രമിക്കുന്നതിനു മുമ്പും ശേഷവും കൊലയാളിസംഘം ഫോണില്‍ വിളിച്ചത് ഏതു നേതാവിനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സൈബര്‍സെല്‍ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ നേതാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര് പ്രതികളാവാന്‍ സാദ്ധ്യതയുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. തെരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടരയോടെ ബോംബേറില്‍ പരിക്കേറ്റ മന്‍സൂര്‍ പിറ്റേന്ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.