കൊച്ചി: മരട് ഫ്‌ളാറ്റ് മഹാ സ്ഫോടനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പോലീസ്. സുരക്ഷാ ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നതായും 10-ാം തീയതി മോക്ഡ്രില്‍ നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കി. സ്‌ഫോടന ദിവസത്തെ ക്രമീകരണങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കുക.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലാണ് ഏറ്റവും അവസാനമായി സ്‌ഫോടക വസ്തുക്കള്‍ നിറച്ചത്. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായി സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തി. ഫ്ലാറ്റ് സ്‌ഫോടനം നടക്കുന്ന ദിവസം രാവിലെ 9 മണി മുതല്‍ നിരോധനാജ്ഞാഞ നിലവില്‍ വരും. അതീവ പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഉണ്ടാവുക.